2020 സെപ്റ്റംബർ 5, ശനിയാഴ്‌ച

പ്രപഞ്ചമേ നന്ദി

പ്രപഞ്ചമേ നന്ദി


ചൊല്ലിത്തന്ന അക്ഷരങ്ങൾക്ക്

സ്നേഹമൂട്ടിയ നിമിഷങ്ങൾക്ക്

ഇടറിവീഴേ നീട്ടി നല്കിയ കരങ്ങൾക്ക്


ഇനി വരില്ലെന്നറിഞ്ഞാസ്വദിച്ച

ആഹ്ലാദവേളകൾക്ക്

പ്രതീക്ഷയുടെ പുതുജീവനേകിയ

പുലരികൾക്ക്

നൊമ്പരങ്ങൾ മറന്നു മയങ്ങിയ

ഇരവുകൾക്ക്


ജീവിതം പനിനീർ ശയ്യയല്ലെന്ന്

പഠിപ്പിച്ച നോവിന്റെ നീറ്റലിന്

തനിയെയെന്ന് പറഞ്ഞു തന്ന

വിരഹാർദ്രമാം വേളകൾക്ക്

വേദനകൾ ഒളിച്ചു വയ്ക്കാൻ പാകത്തിൽ

നീട്ടി നല്കിയ മൗനത്തിന്റെ തുരുത്തുകൾക്ക്


സ്വയമെത്ര നിസ്സാരമെന്ന് 

ബോധിപ്പിച്ച നിനവുകൾക്ക്

തുള്ളി പോലെയിറ്റു വീണു 

പെയ്തു തോരുന്നൊരു

ചെറു മഴയാണ് ജീവിതമെന്ന് 

ചൊല്ലിത്തന്ന ബോധ്യങ്ങൾക്ക്


എല്ലാത്തിനും

പ്രപഞ്ചമേ നന്ദി !