സിനിമ : Be with you
വർഷം : 2018
ഭാഷ: കൊറിയൻ
സംവിധാനം: ലീ യാങ് ഹൂൻ
കണ്ടു കഴിയുമ്പോൾ സന്തോഷവും ഒപ്പം ഒരിറ്റു കണ്ണീരും ബാക്കിയാവും - അങ്ങെനെയൊന്നാണ് 2018 ൽ പുറത്തിറങ്ങിയ കൊറിയൻ സിനിമ 'Be with you'.
അമ്മ മരിച്ചു പോയൊരു കുട്ടി മഴയെ കാത്തിരിക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത്. മഴയോടൊപ്പം മഴത്തുള്ളികളിലേറി അമ്മയും വരുമെന്ന് അമ്മ അവന്റെ പുസ്തകത്തിൽ കുറിച്ചിട്ടിരുന്നു.
അങ്ങനെ കാത്ത് കാത്തിരുന്ന മഴക്കാലമെത്തുന്നു. ആദ്യ മഴത്തുള്ളി ഭൂമിയിൽ പതിച്ചൊരു പുലരിയിൽ ജിഹോ (കുട്ടി) മഴയത്തേക്കിറങ്ങി ഓടുന്നു, അമ്മയെ തിരഞ്ഞ്. കൂടെ അവന്റെ അച്ഛനും ഓടുന്നു. പതിയെ പതിയെ മഴ തോരവെ, റെയിൽപാളം കടന്നു പോകുന്നൊരു തുരങ്കത്തിൽ മറ്റൊരു മഴ പോലെ അവന്റെ അമ്മ പ്രത്യക്ഷപ്പെടുന്നു. പിന്നീട് അവരോടപ്പമുള്ള ജിഹോയുടെയും അവന്റെ അച്ഛന്റെയും സുന്ദരമായ നിമിഷങ്ങളിലേക്ക് സിനിമ നമ്മെ കൊണ്ടു പോകുന്നു.വൂജിന്റെയും(കുട്ടിയുടെ അച്ഛൻ) സൂവായുടെയും(അമ്മ) പൂർവ്വകാല പ്രണയവും സൂവാ തിരിച്ചു വന്ന ശേഷമുള്ള നിമിഷങ്ങളും മനോഹരമായി അവതരിപ്പിക്കുന്നുണ്ട്.
മഴയോടൊപ്പം ജിഹോ കാത്തിരിക്കുന്നത് അവന്റെ അമ്മയെ കൂടിയാണ്. മഴ വരാനുള്ള അവന്റെ കാത്തിരിപ്പും മഴ തുടരാനുള്ള അവന്റെ ആഗ്രഹവും മഴയോടൊപ്പം, മഴത്തുള്ളി പോലെ തുള്ളിത്തെറിക്കുന്ന അവന്റെ ആഹ്ലാദവും മനോഹരമായി വരച്ചിടുന്നുണ്ട് ഈ സിനിമ.
കാത്തിരിപ്പിനൊടുവിൽ, ജീഹോയുടെയും വൂജിന്റെയും വിരസമായ ജീവിതത്തിലേക്ക് പെയ്തു വീഴുന്ന മഴയാണ് സൂവാ. ആ മഴ തോർന്നു പോകരുതെന്ന് അവർ രണ്ടു പേരും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
മഴ നിറയുന്ന ഫ്രെയിമുകൾ കൊണ്ട് സുന്ദരമാണ് സിനിമ. വൂജിന്റെയും സൂവായുടെയും ചില പ്രണയ നിമിഷങ്ങളെയും പശ്ചാത്തലത്തിൽ മഴ സുന്ദരമാക്കുന്നുണ്ട്.
മഴയ്ക്കായുള്ള ജീഹോയുടെ കാത്തിരിപ്പും മഴ പെയ്തലിഞ്ഞൊരു പ്രഭാതത്തിൽ അവൻ അമ്മയെ കണ്ടെത്തുന്നതും പിന്നീട് അവർ മൂന്നു പേരുമൊന്നിച്ചുള്ള ആനന്ദകരമായ വേളകളും മനോഹരമായി ചീത്രീകരിക്കപ്പെട്ട ഈ സിനിമ കണ്ടു തീരുമ്പോൾ ഒരു ചെറു മഴ പെയ്തു തോർന്ന പോലൊരു കുളിരും എന്തു കൊണ്ടോ ഇത്തിരി നോവും മനസ്സിൽ ബാക്കിയാവുന്നു.

