2020 ജൂൺ 9, ചൊവ്വാഴ്ച

എഴുത്തിനെപ്പറ്റി ചിലത്

സ്കൂൾ കാലത്താണ് എഴുതിത്തുടങ്ങിയത്. ചെറുതായി ചില കുറിച്ചിടലുകൾ. നമ്മൾ ബ്രഷിൽ ചായം തേച്ച് വെറുതെ കാൻവാസിൽ കോറിയിടുന്ന പോലെ. എഴുതിയതിലധികവും കവിതകളായിരുന്നു. പക്ഷേ, ഇപ്പോഴത്തെ പോലെ ഗദ്യകവിതകളായിരുന്നില്ല. മിക്കതിനും താളമുണ്ടായിരുന്നു. എങ്കിലും എഴുതി വയ്ക്കുന്നത് നല്ല കവിതകളാണോ എന്നൊന്നും അറിയില്ലായിരുന്നു. അക്കാലത്ത് സ്കൂൾ ലൈബ്രറിയിൽ നിന്നെടുത്ത് വായിച്ചത് മുഴുവൻ ചെറുകഥകളും നോവലുകളുമായിരുന്നു. കവിതകൾ വായിക്കാറുണ്ടായിരുന്നില്ല. ഒന്നാമത്തെ കാരണം, ഇന്നത്തെ പോലെ ചെറിയ കവിതകളും ഗദ്യകവിതകളും അന്ന് കിട്ടിയിരുന്നില്ല എന്നതാണ്. എന്തായാലും ഞാനെഴുതുന്ന കവിതകൾ സഹപാഠികൾ മാത്രം വായിച്ചു. പലരും നിർബന്ധിച്ചിട്ടും കലോൽസവങ്ങളിലെ സാഹിത്യ മത്സരങ്ങളിൽ പങ്കെടുത്തതുമില്ല.

ഹൈസ്കൂൾ കഴിഞ്ഞ് നാട്ടിലെ തന്നെ സ്കൂളിൽ വി.എച്ച്.എസ്.സിയിൽ ചേർന്നു. അവിടെ വെച്ചാണ് സ്കൂൾ കലോത്സവത്തിൽ കവിതാ രചനയ്ക്ക് പങ്കെടുത്തത്. ഒന്നാം സ്ഥാനം കിട്ടി. വി എച്ച് എസ്. സി റവന്യൂ കലോത്സവത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു. കവിതയ്ക്കു പുറമെ സംഘഗാനവും ഉണ്ടായിരുന്നു. ചെർപ്പുളശ്ശേരിയിൽ വെച്ച് നടന്ന റവന്യൂ കലോത്സവത്തിൽ കവിതാ രചനയിൽ ഒന്നാം സ്ഥാനം ലഭിച്ചു. അതോടെയാണ് ചെറിയ ആത്മവിശ്വാസം വന്നത്. എഴുത്ത് വല്യ തരക്കേടില്ല എന്ന ചിന്തയായി. അങ്ങനെ ആ വർഷം തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന വി.എച്ച്.എസ്.സി കലോത്സവത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.

സ്കൂൾ കാലവും കോളജും കഴിഞ്ഞിട്ടും കവിതകളൊന്നും എവിടെയും പ്രസിദ്ധീകരിച്ചില്ല. പിന്നീട് അധ്യാപനം തുടങ്ങിയ ശേഷം മഞ്ചേരിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'മലപ്പുറം വോയ്സ് ' മാഗസിനിൽ ചില മലയാളം, ഇംഗ്ലീഷ് കവിതകൾ പ്രസിദ്ധീകരിച്ചു.

പിന്നെയും കവിതയെഴുത്ത് തുടർന്നു. പലതും പലരും വായിച്ചു. ഒന്നും സൂക്ഷിച്ചു വച്ചില്ല. പിന്നീട് വായന കവിതയിലേക്ക് കൂടി വ്യാപിച്ചു. പുതിയ കാലത്തിന്റെ ഹൈക്കു കവിതകൾ കൂടുതൽ സൗകര്യമായി. തിരക്കു പിടിച്ച ജീവിതത്തിൽ വലിയതൊന്നും വായിക്കാൻ പലർക്കും നേരമുണ്ടാകണമെന്നില്ല.

ഈ ചെറിയ കവിതകളിൽ ആശയം ഒതുക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും അതിനൊരു ഭംഗിയുണ്ട്. കൊച്ചു കളിച്ചെപ്പു പോലെ ഒരു ചാരുത. വാക്കുകളുടെ തിരഞ്ഞടുപ്പാണ് വളരെ ബുദ്ധിമുട്ട്.  യാഥാർത്ഥ്യമാണെങ്കിലും കാല്പനികമാണെങ്കിലും കവിതയാകുമ്പോൾ ഭംഗി വേണമെന്നാണ് എന്റെ പക്ഷം. അതു കൊണ്ടു കൂടിയാണ് വാക്കുകളുടെ തിരഞ്ഞെടുപ്പ് ബുദ്ധിമുട്ടാകുന്നത്.

ഇടയ്ക്കെപ്പോഴോ ചില കഥകളെഴുതിയിരുന്നു. എങ്കിലും എപ്പോഴും വഴങ്ങുന്നത് കവിതകളാണ്. കഥകളാണെങ്കിലും ലേഖനങ്ങളാണെങ്കിലും അവയിലേക്കും കവിത കൊണ്ടു വരാൻ ശ്രമിക്കാറുണ്ട്.

കവിത കണ്ടെടുക്കുന്നത് ഏത് പ്രമേയത്തിൽ നിന്നുമാകാം. അതിൽ ജീവിതത്തിന്റെ നിരർത്ഥകതയുണ്ടാകാം. പ്രകൃതി ബിംബങ്ങളിൽ കണ്ടെടുക്കുന്ന ജീവിതത്തിന്റെ സാമ്യങ്ങളുണ്ടാകാം. ചുറ്റും കാണുന്ന, കടങ്കഥ പോലെ തോന്നുന്ന കൗതുകങ്ങളുണ്ടാകാം. എന്ത് പ്രമേയമായാലും കവിത, കവിതയാകുന്നത് വാക്കുകളുടെ അടുക്കി വയ്ക്കലുകളിലാണ്(patterning). ഒരേ പ്രമേയം തന്നെ കവിതയും കഥയുമൊക്കെയായി മാറ്റാം.

എഴുതിയതും എഴുതുന്നതുമൊക്കെ എത്ര നന്നായി എന്നൊന്നും അറിയില്ല. ചില നേരങ്ങളിൽ മനസ്സിലെരിയുന്ന ചില കനലുകളെടുത്ത്, മറ്റു ചിലപ്പോൾ മനസ്സിലേക്ക് ഒഴുകി വീഴുന്ന കാഴ്ചകൾ പെറുക്കിക്കൂട്ടി, ഇനിയും ചിലപ്പോൾ ചുറ്റും കണ്ടെടുക്കുന്ന കൗതുകങ്ങളെ സ്വരുക്കൂട്ടി ... അവയെ വാചകങ്ങളിൽ അടുക്കി വയ്ക്കുന്നു. അത്ര മാത്രം.