2020 മേയ് 17, ഞായറാഴ്‌ച

അവർ കരയുന്നത്

കുട്ടിക്കാലത്ത്
ഉറക്കെ കരഞ്ഞവർ
മുതിർന്നപ്പോൾ
കരച്ചിൽ നിർത്തിയതല്ല;
ദുഃഖങ്ങൾക്ക്
അഴം കൂടിയതിനാൽ
കരച്ചിൽ കേൾക്കാത്തതു കൊണ്ടാണ്.

ആളു കേൾക്കെ മാത്രം
കരഞ്ഞവർ
പതിയെ പതിയെ
കരഞ്ഞ് കരഞ്ഞ്
ശബ്ദമില്ലാത്ത കരച്ചിലിന്റെ
കല പഠിച്ചതു കൊണ്ടാണ്.

ആദ്യമെല്ലാം കരച്ചിൽ കേട്ട്
ഓടിവന്നിരുന്നവരുടെ
എണ്ണം തീരെ കുറഞ്ഞ്,
ആരും കേൾക്കാനില്ലാതായതു കൊണ്ടാണ്.

അതു കൊണ്ടാണ്,
അതു കൊണ്ടു മാത്രമാണ്
പലരും കരയാറില്ലെന്ന്
നിങ്ങൾക്ക് തോന്നുന്നത്