2019 നവംബർ 16, ശനിയാഴ്‌ച

ഭാഷയുടെ രാഷ്ട്രീയം

ഭാഷയ്ക്ക് രാഷ്ട്രീയുണ്ട്. മാനവ ചരിത്രത്തിനൊപ്പം പരിണമിച്ചതാണ് ഭാഷ. സംസ്കാരത്തിന്റെയും ബോധ്യങ്ങളുടെയും നെല്ലും പതിരും, സത്യവും മിഥ്യയും ഭാഷയിലുണ്ടാവുക സ്വാഭാവികം. 
കാലത്തിനൊപ്പം സഞ്ചരിക്കുന്നതിൽ ഭാഷകൾ പലപ്പോഴും പരാജയപ്പെടുന്നുണ്ട്. ചിലരുടെ ഭാഷാപരമായ മൗലികവാദവും(linguistic fundamentalism) ഇതിന് ഒരു കാരണമാണ്. ആധുനിക കാലത്ത് ഭാഷയുടെ രാഷ്ട്രീയ മാനങ്ങൾ മനസ്സിലാക്കി എങ്ങനെ ഭാഷ ഉപയോഗിക്കാമെന്നും ഇപ്പോഴത്തെ അവസ്ഥയിൽ പൂർണമായ 'രാഷ്ട്രീയ ശരി' (political correctness) ഭാഷയിൽ സാദ്ധ്യമാണോ എന്നുമുള്ള ഒരന്വേഷണമാണ് ഈ ചെറിയ ലേഖനം കൊണ്ടുദ്ദേശിക്കുന്നത്.

പുരുഷകേന്ദ്രീകൃത (patriarchal) സമൂഹത്തിന്റെ പൊതുസ്വഭാവം എല്ലാ ഭാഷകൾക്കുമുണ്ട്. ഇംഗ്ലീഷിൽ 'മനുഷ്യന്' 'man' എന്ന് ഉപയോഗിക്കുന്നത് നമ്മുടെ പാരമ്പര്യ ഭാഷകളുടെ പുരുഷപക്ഷ രാഷ്ട്രീയത്തിന് ഒരുദാഹരണം മാത്രം. Man, chairman, എന്നിങ്ങനെ പോകുന്നു ആ വാക്കുകളുടെ നിര. ഇതിനൊക്കെ പകരം പുതിയ, gender neutral ആയ വാക്കുകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട് (person, chairperson, etc). 'House wife' നു പകരം 'home maker' എന്നുപയോഗിക്കുന്നത് വിവേചനരഹിതവും മനോഹരവുമാണ്. എന്നാൽ, എല്ലാ വാക്കുകൾക്കും ഇങ്ങനെയുള്ള neutral  ബദൽ വാക്കുകൾ ഇനിയും ഇല്ല എന്നതാണ് സത്യം. ചിലതെല്ലാം postwoman, postman പോലെ ദ്വന്ദങ്ങളിൽ (gender binaries) ഒതുങ്ങി നില്ക്കുന്നു. മലയാളത്തിലെയും പല വാക്കുകളും (അവനവൻ, ഭാര്യ, ഭർത്താവ് തുടങ്ങിയവ) വിവേചനം അടയാളപ്പെടുത്തുന്നവയാണ്. 

ജാതിപരമായ വേർതിരിവുകൾ അടയാളപ്പെടുത്തുന്ന പല വാക്കുകളും അർത്ഥറിയാതെ ഉപയോഗിക്കപ്പെടുന്നു. പലതിനും അർത്ഥവ്യത്യാസങ്ങളും വന്നിട്ടുണ്ട്. Neutral ആയ പുതിയ വാക്കുകൾ വരുമ്പോൾ(സമൂഹത്തിൽ അവ പരക്കെ ഉപയോഗിക്കപ്പെടുമ്പോൾ) അവ ഔദ്യോഗികമായിത്തന്നെ സ്വീകരിക്കപ്പെടും. അതില്ലാത്ത പക്ഷം ഇപ്പോൾ ഉപയോഗിക്കുന്ന വാക്കുകൾ ഉപയോഗിക്കാം എന്നാണ് വ്യക്തിപരമായ അഭിപ്രായം. ഓരോ വാക്കിന്റെയും etymology തിരഞ്ഞു പോകേണ്ടതില്ല. ഇന്ന് അവ ഏതർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നു എന്നു മാത്രം നോക്കിയാൽ മതി. ഓരോ വാക്കിന്റെയും etymology അന്വേഷിച്ചു പോയാൽ കെട്ട കാലത്തിന്റെ അരാഷ്ടീയത കാണാനായേക്കാം. ( (ഇംഗ്ലീഷിലെ 'lady', 'boy'എന്നീ വാക്കുകൾ ഉദാഹരണം.) പഴയ അർത്ഥം നോക്കി വാക്കുകൾ ഉപയോഗിക്കുന്നത് അസാദ്ധ്യമെന്ന് ചുരുക്കം.

പഴയ വാക്കുകൾ മാത്രമാണ് original എന്ന ഭാഷായാഥാസ്ഥിതിക വാദം ശുദ്ധ മണ്ടത്തരമാണ്. സാങ്കേതികമായി original, ആദ്യ വാക്കുകളാകാം. പക്ഷേ, വാക്കുകൾക്ക് സ്ഥിരമായ അർത്ഥങ്ങളില്ല; വ്യാകരണവുമില്ല. കാരണം ഭാഷ മാറുന്ന ഒന്നാണ്(dynamic). വാക്കുകൾക്ക് അർത്ഥവ്യത്യാസം വരരുത് എന്നത് ഒരു ദു:ശ്ശാഠ്യം മാത്രമാണ്. Political correctness സ്കാനറുമായി ചെന്ന് ഓരോ വാക്കും പരിശോധിച്ച്, പറയുന്നയാളെ വിലയിരുത്തേണ്ടതുമില്ല.