സൂര്യനുദിച്ചുയരുന്ന
പകലുകളെ മാത്രം
വരച്ചു ശീലിച്ചവരേ,
നിങ്ങൾ രാത്രിയെ
വരയ്ക്കാൻ പഠിക്കണം.
കാൻവാസിൽ
കറുത്ത മഷി കുടഞ്ഞിട്ടാൽ
രാത്രിയാവില്ല.
അതിന്
നിലാവ് നെയ്യുന്ന നിഴലുകളുടെ
അഴകളവുകൾ പഠിക്കണം
രാത്രിയുടെ മേൽ പറ്റിപ്പിടിച്ച
ചീവീടുകളുടെ നിറങ്ങളറിയണം
നരച്ച ആകാശത്തിലെ
എണ്ണമറ്റ നക്ഷത്രക്കണ്ണുകളിലെ
നിറഭേദങ്ങൾ
ചായക്കൂട്ടുകളിൽ തീർക്കണം
രാക്കാറ്റിൽ മെല്ലെയുണരുന്ന
മുല്ല മൊട്ടുകളുടെ വെണ്മയെ
വീണ്ടുമിതൾ വിരിയിക്കണം
മഞ്ഞുതിർന്ന ഇലകളിലെ
നിലാവിൻ്റെ വെള്ളിത്തിളക്കം
വര കൊണ്ടു മെനയണം
ഇനി ഒന്നു വരച്ചു നോക്കൂ
നിങ്ങൾ വരയ്ക്കാൻ
മടിച്ച രാത്രിയെ