കാല്പനികതയോട് പണ്ടു മുതലേ താൽപര്യമായിരുന്നു. ആശാനെക്കാൾ ഇഷ്ടം ചങ്ങമ്പുഴയെയായിരുന്നു; ഷെല്ലിയെക്കാൾ ഇഷ്ടം കീറ്റ്സിനെയും.
കല കാല്പനികമാണ്. കാല്പനികത എന്നുദ്ദേശിച്ചത് കുറച്ചു കൂടി വിശാലമായ അർത്ഥത്തിലാണ്. ലാവണ്യം (beauty) ആണതിന്റെ സത്ത. "To be artistic means to be beautiful" എന്നാണല്ലോ. സൗന്ദര്യമില്ലാതെ കലയില്ല. അതു കൊണ്ട് തന്നെ, കാല്പനികത മോശമാണെന്ന ചിന്തയില്ല. എത്ര സാമൂഹിക പ്രതിബദ്ധതയുള്ള, വിപ്ലവാംശമുള്ള കൃതികളിലും കാല്പനികാംശമുണ്ട്, ഏറ്റവും കുറഞ്ഞത് അതിന്റെ വാക്കുകൾ കൂട്ടി വയ്ക്കുന്ന ഘടനയിലെങ്കിലും. അതായത്, പ്രമേയത്തിൽ മാത്രമുള്ള ഒന്നല്ല കാല്പനികത;വാക്കുകളുടെ തിരഞ്ഞെടുപ്പിലും അവയുടെ പാറ്റേണിങ്ങിലും കാല്പനികതയുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, ഒരു സൃഷ്ടിയെ കലയാക്കി മാറ്റുന്നത് കാൽപനികതയാണ്. സാമൂഹിക പ്രതിബദ്ധതയില്ലാതെയും നിങ്ങൾക്ക് കവിതയെഴുതാം; പക്ഷേ, കാല്പനികാംശമില്ലാതെ കവിതയില്ല.
ശാസ്ത്രമുന്നേറ്റത്തിന്റെ ആധുനിക യുഗത്തിൽ കാല്പനികത എത്രത്തോളം സാദ്ധ്യമാണെന്ന് പലരും ചിന്തിക്കുന്നുണ്ട്. ന്യൂട്ടൻ മഴവില്ലിന്റെ പിന്നിലെ ശാസ്ത്ര സത്യം കണ്ടു പിടിച്ചു മഴവില്ലിന്റെ ചാരുതയെ നശിപ്പിച്ചുവെന്ന് പണ്ട് ആംഗലേയ കവി കീറ്റ്സ് പരാതിപ്പെട്ടത്രെ. എന്നാൽ ഇതേ കീറ്റ്സ് തന്നെ 'നെഗറ്റിവ് കാപബിലിറ്റി'(negative capability) എന്നൊരു ആശയം മുന്നോട്ടു വച്ചിട്ടുണ്ട്. ഒരു എഴുത്തുകാരന്, യുക്തിയെ താല്ക്കാലികമായി നീട്ടിവെയ്ക്കാനും ഒരു ബൗദ്ധികമായ ആശയക്കുഴപ്പം(intellectual confusion) കൂടാതെ സർഗസൃഷ്ടി നടത്താനുമുള്ള കഴിവായി അതിനെ വായിച്ചെടുക്കാം.ഒരു ശാസ്ത്രജ്ഞനു പോലും കവിതയെഴുതാം; ശാസ്ത്ര സത്യങ്ങൾ കവിതയിൽ ഇടപെടാതെ തന്നെ.
സാഹിത്യം കള്ളങ്ങളുടെ മാതാവെന്ന് പ്ലാറ്റോയുടെ വിമർശനം.പക്ഷേ, സത്യം മാത്രം പറയുന്നത് ശാസ്ത്രമാണ്; കവിതയല്ല.
മനുഷ്യർ പണ്ടുമുതലേ കെട്ടുകഥകളിൽ (fictions) അഭിരമിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ജീവിതത്തിന്റെ മടുപ്പിക്കുന്ന യാഥാർത്ഥ്യങ്ങൾക്കിടയിൽ ഇടയ്ക്കൊക്കെ ചില കള്ളങ്ങളിലേക്ക് ചേക്കാറാൻ ഇഷ്ടപ്പെടാത്തവരാരുണ്ട്? അതു തന്നെയാണ് കലകൾ ചെയ്യുന്നതും.
"It's when I'm weary of considerations,
And life is too much like a pathless wood
........................................................................
I'd like to get away from earth awhile
And then come back to it and begin over." (Birches- Robert Frost)
