പാട്ടുകളെപ്പറ്റിയാണ്. കൃത്യമായിപ്പറഞ്ഞാൽ ഒഎൻവിയുടെ പാട്ടുകളെപ്പറ്റി.സ്കൂൾ കാലം തൊട്ടേ ചില പാട്ടുകളുടെ വരികളിലെ കവിത മനസ്സിൽ കുരുങ്ങിക്കിടന്നിരുന്നു. അതിലൊന്നായിരുന്നു "ഒരു വട്ടം കൂടിയെൻ..." എന്റെ ബാല്യ സങ്കൽപ്പങ്ങൾക്കൊക്കെയും വർണങ്ങൾ ചാർത്തി അതിന്റെ വരികൾ ഇപ്പോഴും തേൻ കിനിഞ്ഞു കൊണ്ടിരിക്കുന്നു.
ഒ എൻ വി ഗാനങ്ങളിലെ വാങ്മയ ചിത്രങ്ങൾ മനസ്സിനെ എന്നും മദിച്ചിട്ടുണ്ട്. "പോക്കുവെയിൽ പൊന്നുരുകി പുഴയിൽ വീണു" എന്ന വരി ബാല്യത്തിലെന്നോ മനസ്സിൽ കോറിയിട്ട, സായാഹ്ന വെയിൽപ്പൊട്ടുകളുടെ പൊൻതരികൾ വീണ് സ്വർണ്ണവർണമണിഞ്ഞ പുഴയുടെ ചിത്രം ഇപ്പോഴും മനസ്സിനെ ഉന്മത്തമാക്കുന്നു.
"മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി,
അല്ലിയാമ്പൽപ്പൂവിനെ തൊട്ടുണർത്തി,
ഒരു കുടന്ന നിലാവിന്റെ കുളിരു കോരി,
നെറുകയിൽ അരുമയായ് കുടഞ്ഞതാരോ". ദൃശ്യ മനോഹരമായൊരു ചിത്രം കാൻവാസ്സും ബ്രഷുമില്ലാതെ, വാക്കിന്റെ ഇന്ദ്രജാലം കൊണ്ടു മാത്രം തീർത്തിരിക്കുന്നു.
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി വരുന്നതാര്? ചന്ദ്രൻ. പൊൻകിരണങ്ങൾ കൊണ്ട് അല്ലിയാമ്പൽപ്പൂവിനെ തൊട്ടുണർത്തിയാണ് വരവ്. അതും നെറുകയിൽ ഒരു കൈ കുടന്ന നിറയെ നിലാവിന്റെ കുളിർ കോരിയൊഴിച്ച്...
"ആയർപ്പെൺ കിടാവേ, നിൻ പാൽക്കുടം
തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ"
'ആയർപ്പെൺ കിടാവ്' ചന്ദ്രനല്ലാതെ മറ്റാരുമല്ല. നിലാവിന്റെ പാൽക്കുടം തുളുമ്പി, അത് ആയിരം തുമ്പപ്പൂക്കളായ് വിരിഞ്ഞിരിക്കുന്നു.(ആയിരം നക്ഷത്രങ്ങൾ).
പ്രണയം ഇത്രമേൽ മനോഹരമെന്ന് ഓർമ്മപ്പെടുത്തുന്നു പല ഒ എൻ വി ഗാനങ്ങളും.
"രാത്രിമഴ പെയ്തു തോര്‍ന്ന നേരം
കുളിര്‍കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റുവീഴും നീര്‍ തുള്ളിതന്‍ സംഗീതം
ഹൃതന്തികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍ ജാലക-
വാതിലിന്‍ ചാരേ ചിലച്ച നേരം
ഒരു മാത്ര വെറുതേ നിനച്ചു പോയി
അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍"
രാത്രിമഴ പെയ്തു തോർന്നപ്പോഴും കാറ്റിൽ ഇലച്ചാർത്തിളകിയപ്പോഴും മഴയുടെ സംഗീതം ഹൃദയത്തിലേക്കിറ്റിറ്റ് വീണപ്പോഴും ജാലകത്തിനരികെയൊരു പക്ഷി ശബ്ദിച്ചപ്പോഴും വെറുതെ വിചാരിച്ചു പോയി, അരികിൽ നീയുണ്ടായിരുന്നെങ്കിലെന്ന്! പ്രണയാതുരമായ മനസ്സിന്റെ ഭാവങ്ങളെ എത്ര മനോഹരമായാണ് കവി പ്രകൃതിബിംബങ്ങളിൽ ചേർത്തു വയ്ക്കുന്നത്.
"നീ കണ്ടു മോഹിച്ച പൊൻമത്സ്യമായ്
നീരാഴിയിൽ നീന്തി ഞാൻ പോവതായ്"
അല്ലെങ്കിലും ഞാൻ കണ്ടു മോഹിച്ച പൊൻമത്സ്യമായിരുന്നു നീയെന്ന് കവി!
"ചൈത്രം ചായം ചാലിച്ചു നിന്റെ ചിത്രം വരയ്ക്കുകയാണെന്ന്" പറയുന്നിടത്ത് പ്രണയത്തെ, പ്രണയിനിയെ പ്രകൃതിയുടെ വർണ്ണങ്ങളിൽ കണ്ടെടുക്കുകയാണ് കവി.
പൂവ്, കിളി, പുലരി, സന്ധ്യ, നിലാവ് തുടങ്ങിയ ബിംബങ്ങൾ തുടർച്ചയായി ഒ എൻ വി ഗാനങ്ങളിൽ വരുന്നുണ്ട്."നിന്റെ ശാലീന മൗനമാകുമീ പൊന്മണിച്ചെപ്പിനുള്ളിലായ്
മൂടി വച്ച നിഗൂഢഭാവങ്ങൾ പൂക്കളായ് ശലഭങ്ങളായ്." വിവിധ ഭാവങ്ങൾ പൂക്കളായ്, ശലഭങ്ങളായ് വിരിയുന്നു ആ ഗാനങ്ങളിൽ
പൂക്കൾ ഒ എൻ വിയുടെ ദൗർബല്യമാണെന്ന് തോന്നിയിട്ടുണ്ട്. എത്രയെത്ര പൂക്കളാണ് ഒ എൻ വി ഗാനങ്ങൾക്ക് വർണവും സുഗന്ധവുമേകുന്നത്. 'പൂക്കളുടെ പാട്ടുകാരൻ' ആണ് ഒ എൻ വി'. പെട്ടെന്ന് ഓർമയിൽ വരുന്ന ചില 'പൂവരികൾ' ഇതാ:
"ചമ്പകപുഷ്പ സുവാസിത യാമം, തീരത്തു പൂവരശ് പൂവിട്ടിതാ(ഓളങ്ങളേ), ആറ്റുവഞ്ചി പൂക്കളും കാറ്റിലാടിയുലഞ്ഞു, പൂക്കൈത കന്യകമാർ മുടിയിൽ വെച്ചു (നീരാടുവാൻ), പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ, അല്ലിയാമ്പൽപ്പൂവിനെ തൊട്ടുണർത്തി, ആയിരം തുമ്പപ്പൂവായ് വിരിഞ്ഞു(മെല്ലെ മെല്ലെ), ഒഴുകുന്ന താഴമ്പൂ മണമിതു നാമെന്നും
പറയാതെയോർത്തിടും അനുരാഗഗാനംപോലെ(കാതിൽ തേന്മഴയായ്), രജനീസുഗന്ധിപൂക്കും രമണീയ യാമമായി
(ഒരു നാൾ ശുഭയാത്ര നേർന്നു), ഓണപ്പൂവേ പൂവേ..."
ഇങ്ങനെ പൂക്കളിലൂടെ പ്രണയവും വിരഹവും സന്തോഷങ്ങളും മറ്റു സമസ്ത ഭാവങ്ങളും അദ്ദേഹം വരച്ചിടുന്നു. "പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം"(ശ്രീരാഗമോ) എന്നു കേൾക്കുമ്പോൾ, മാർച്ചു മാസത്തിലെ മഞ്ഞു പെയ്തുതിർന്ന നനുത്ത ചെമ്മൺ പാതയിലൂടെ നടന്ന്, ഇലഞ്ഞിപ്പൂ പറിച്ച് ചിരട്ടയിൽ നിറച്ച്, മാല കോർത്തിരുന്ന ബാല്യം ഇലഞ്ഞിപ്പൂവിന്റെ സുഗന്ധം പോലെ, സുഖമുള്ളൊരു സ്മൃതിയായി മനസ്സിനെ തൊട്ടു പോവാറുണ്ട്. 'പൊന്നുരുകുന്ന പൂക്കാല'ത്തെപ്പറ്റി പറയുന്ന കവി കാറ്റിനോട് പറയുന്നത് 'ആയിരം പൂക്കൾ നുള്ളി'വരാനാണ്. തന്റെ നേരെ നീളുന്ന പ്രണയത്തിന്റെ 'മിഴിമുന' പോലും 'ഒരു നറു പുഷ്പമായാ'ണ് കവി അനുഭവിക്കുന്നത്.
പേരെടുത്തു പറഞ്ഞ പൂക്കൾക്കു പുറമെ, ഒരു പാടു പാട്ടുകളിൽ 'പൂവ്' എന്ന വാക്ക് കാണാം. പൂന്തിങ്കൾ, പൂനിര, പൂമ്പുടവ, പൂനിലാവ്, അങ്ങനെ പ്രകൃതിയിലെവിടെയും പൂവിന്റെ ചാരുത കാണുന്നുണ്ട് ഒ.എൻ.വി.
"എന്റെ വഴികളിൽ മൂകസാന്ത്വനമായ പൂവുകളേ" എന്നു വിളിക്കുന്ന കവി പൂക്കളെ പ്രണയിച്ചതിൽ അത്ഭുതമില്ല.
സന്ധ്യകൾ ഒ എൻ വി ഗാനങ്ങളിൽ 'കുങ്കുമം വാരി വിതറുന്നു'ണ്ട്. 'തൊഴുതു മടങ്ങുന്ന' സന്ധ്യയും കണ്ണീരണിഞ്ഞ സന്ധ്യയും ഒ എൻ വിപ്പാട്ടുകളിൽ കാണാം. 'തുളസി വെറ്റില തിന്നു തുടുത്ത' സന്ധ്യയുണ്ട്; 'പോക്കുവെയിലിന്റെ പൊന്നുരികി വീണ' സന്ധ്യയും.
നിലാവ്, ചന്ദ്രൻ എന്നീ ബിംബങ്ങളുള്ള കുറെയേറെ പാട്ടുകളുണ്ട്; നീളെ നിലാവ് വീണു കിടക്കുന്ന പാട്ടുകൾ.
ഈറനണിഞ്ഞ വെണ്ണിലാവിന്റെ പൂമ്പുടവയഴിഞ്ഞു നദീപുളിനം കുളിരണിഞ്ഞ ഭാവന ഒ എൻ വി ക്കു മാത്രം സ്വന്തമാണ്.
നിലാവിനെയും ചന്ദ്രനെയും പൂവിനോടുപമിക്കുന്ന, നിലാവും പൂവും വിളക്കിച്ചേർത്ത അലങ്കാരങ്ങൾ ഒ എൻ വി ഗാനങ്ങളിൽ കാണാം. "നീയെന്തെ വൈകി വന്നൂ പൂന്തിങ്കളേ, ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി,
ഈറനാമൊരിന്ദുകിരണം പൂവു ചാർത്തിയ പോലെ" (ആത്മാവിൽ മുട്ടിവിളിച്ചതു പോലെ) തുടങ്ങിയവ ഉദാഹരണം.
'നിലാവിന്റെ പാൽക്കുടം തുളുമ്പി ആയിരം തുമ്പപ്പൂക്കളായ് വിരിഞ്ഞ'തും ഒരു ഗാനത്തിന്റെ അതിർവരമ്പു കടന്ന് കവിതയായി മാറിയ പാട്ടാണ്.
ബാല്യം, അതിന്റെ സൗന്ദര്യം, നിഷ്കളങ്കത തുടങ്ങിയവയെല്ലാം ഒ എൻ വിപ്പാട്ടുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. "അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട്?" എന്ന പാട്ടിൽ നിഷ്കളങ്കമായ ബാല്യത്തിന്റെ കൗതുകവും, അതിന്റെ ഭാഷയിൽ, കുട്ടിത്തത്തിന്റെ ലാളിത്യവും ഇഴചേർത്തു വച്ചിരിക്കുന്നു.
"പ്ലാവിലപ്പൊൻതളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ
പിന്നെയും പൂമ്പൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ" എന്ന് കവി ബാല്യകാലത്തെ മോഹിക്കുന്നു.
പ്രണയത്തിലും ബാല്യത്തിന്റെ നൈർമല്യം കാണുന്നുണ്ട് ഒ എൻ വി.
"പ്ലാവില പാത്രങ്ങളിൽ പാവയ്ക്കു പാൽ കുറുക്കും
പൈതലായ് വീണ്ടുമെന്റെ അരികിൽ നിൽക്കൂ."(ആ രാത്രി മാഞ്ഞുപോയി).
"അപ്‌സരസ്സുകൾ താഴെ ചിത്രശലഭങ്ങളായ്
പുഷ്‌പങ്ങൾ തേടിവരും കഥകൾ ചൊല്ലാം" എന്ന വരിയിൽ ഒരു കുട്ടിയുടെ വർണാഭമായ കാല്പനികലോകം എത്ര മനോഹരമായി ഇതൾ വിരിയുന്നു.
അങ്ങനെ, ഒ എൻ വി ഗാനങ്ങൾ പലതും കവിതകളാണ്; അല്ലെങ്കിൽ കവിത തുളുമ്പുന്ന ഗാനങ്ങളാണ്. ജീവിതത്തിന്റെ വിവിധ ഭാവങ്ങൾ നിഴലായും നിലാവായും പൂക്കാളായും പുലരികളായും സന്ധ്യകളായും ആ വരികളിൽ മിന്നി മായുന്നു.
