എത്രയെത്ര ഓർമകൾ സമ്മാനിച്ച്, എത്രയെത്ര ഭാവങ്ങളോടെയാണ് ഓരോ മഴയും പെയ്തൊഴിയുന്നത്...
മഴ...
ഈ വാക്കു തന്നെ എത്ര കുളിർമയാർന്നതാണ്. മഴയോടു ചേർന്നുനിൽക്കുന്ന
എത്രയെത്ര നനുത്ത ഓർമ്മകൾ... ഓർമ്മകളും മഴയും ഒരു പോലെയാണ്. ചിലപ്പോൾ
നിനച്ചിരിക്കാതെ വന്നു പെയ്തൊഴിയുന്നു...
മുഖം
കറുപ്പിച്ചു നിൽക്കുന്ന വാനിൽ നിന്നും പെട്ടെന്നു
ചിതറി വീണ്, പതിഞ്ഞ
താളത്തിലും പിന്നീട് ദ്രുതതാളത്തിലും പെയ്തു വീഴുന്ന ഇടവപ്പാതിമഴ പലതിനെയും
ഓർമ്മപ്പെടുത്തുന്നു. പുതിയ പുസ്തകത്തിന്റെ ഗന്ധം, പഴയ
നോട്ടുപുസ്തകത്തിലൊളിപ്പിച്ച മയിൽപ്പീലികൾ, പിന്നെ... കുട ചൂടി, മഴത്തുള്ളി
തട്ടിത്തെറിപ്പിച്ച് പുതുതായി തളിരിട്ട പച്ചപ്പുൽനാമ്പുകൾ അതിരിട്ട
വയൽവരമ്പിലൂടെ സ്കൂളിലേക്കുള്ള യാത്ര, ക്ലാസ്സിലെ നനഞ്ഞൊട്ടിയുള്ള
ഇരിപ്പ്. ഇടവപ്പാതി മഴയോടൊപ്പം പെയ്തുവീഴുന്നതെത്ര ഓർമ്മകൾ...
ഓർമ്മകളിൽ
മഴ കോറിയിട്ട നിമിഷങ്ങൾ എത്ര മനോഹരമാണ്... ഇലത്തുമ്പുകളിൽ തട്ടി
ചിന്നിച്ചിതറുന്ന മഴത്തുള്ളികൾ, നടവരമ്പത്ത് കാൽ വയ്ക്കുമ്പോഴുള്ള തണുത്ത
മഴസ്പർശം, മഴ നൽകിയ നീർമുത്തുകൾ താങ്ങാനാവാതെ മുഖം കുനിച്ച മുറ്റത്തെ
ചെമ്പരത്തിപ്പൂക്കൾ, തൊടിയിൽ നിന്നും പുതിയ ഉറവകളിലൂടൊഴുകുന്ന വെള്ളം
തീർക്കുന്ന കുഞ്ഞു നീർച്ചാലുകളിൽ തെളിയുന്ന ആകാശക്കീറ്,
പെരുമഴയോടൊപ്പമെത്തുന്ന കാറ്റിൻറെ ചിറകിലേറി ജാലകത്തിലൂടെ അകത്തു കടക്കുന്ന
കുഞ്ഞു നീർത്തുള്ളികൾ പകരുന്ന തണുപ്പ്, മഴയുടെ ലാളനം
മുഴുവനുമേറ്റുവാങ്ങിയിട്ടും ഓർമ്മിക്കാൻ ഒരു തുള്ളി വീണ്ടും സൂക്ഷിച്ചു
വയ്ക്കുന്ന ചേമ്പിലകൾ... അങ്ങനെ മഴ മനസ്സിൽ വരച്ചിട്ട ചിത്രങ്ങൾക്ക് എത്ര
മിഴിവ്!
ഇടവപ്പാതി മഴ
എന്നും ഓർമ്മപ്പെടുത്തുന്നത് സ്കൂൾ കാലത്തെയാണ്. തിരിമുറിയാതെ പെയ്യുന്ന
മഴ... ഇടയ്ക്ക്, മഴയ്ക്കു ശക്തി കൂടുമ്പോൾ ടീച്ചർ ക്ലാസ് നിർത്തി വയ്ക്കും.
അത്ര ശബ്ദത്തോടെ, ചിലപ്പോൾ വാശിയോടെ മഴ കനക്കുമ്പോൾ ക്ലാസിൽ നിന്നും
പുറത്തേക്കു നോക്കും... പുറത്ത് അസംബ്ലി ഗ്രൗണ്ടിൽ നിൽക്കുന്ന മാവ് മഴയിൽ
നേർത്തു കാണാം, കോടമഞ്ഞിലൂടെയെന്നപോലെ... ഗ്രൗണ്ടിനപ്പുറത്തെ കെട്ടിടത്തിലെ
ഏഴാംക്ലാസിൽ ഇപ്പോൾ എന്തു സംഭവിക്കുന്നു? ഒന്നും കാണുന്നില്ല. മഴ
സൃഷ്ടിക്കുന്നത് ഒരുതരം സ്വകാര്യതയാണ്. നമ്മുടെ അടുത്തുള്ള ആളുകൾ പറയുന്നതു
പോലും മഴയുടെ ആരവത്തിൽ അലിഞ്ഞില്ലാതാകുന്നു. തൊട്ടപ്പുറത്തെ കാഴ്ചകൾക്കു
പോലും മഴ മൂടുപടം ചാർത്തുന്നു.
രാത്രി,
ഓടിട്ട മേൽക്കൂരയ്ക്കു മുകളിൽ പതിച്ച് തെറിച്ചു വീഴുന്ന മഴത്തുള്ളികളുടെ
താളം, അതിന്നകമ്പടിയായി പാടത്തു നിന്നും വായ്ത്താരി പാടുന്ന തവളകളുടെ
ശബ്ദം... പലപ്പോഴും പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി കിടക്കുമ്പോൾ എണ്ണാൻ
ശ്രമിക്കാറുണ്ടായിരുന്നു എത്ര തവളകളാണ് കരയുന്നതെന്ന്.അപ്പോൾ തോന്നും
അനേകായിരം തവളകളാണെന്ന്. തവളകൾ, മഴ പെയ്യാൻ വേണ്ടി പ്രാർത്ഥിക്കുകയാണെന്ന്
ചെറുപ്പത്തിൽ ആരോ പറഞ്ഞപ്പോൾ അത്ഭുതം തോന്നിയിരുന്നു.
തുലാവർഷം
ഓർമ്മകളുടെ മറ്റൊരു പെയ്ത്താണ്. ഉച്ചയ്ക്കു ശേഷം ആർത്തലച്ചു പെയ്യുന്ന
പേമാരി, ഇടയ്ക്കുള്ള മിന്നൽപിണരുകൾ, രാത്രി വൈകിയും തുടരുന്ന മഴയുടെ
തുടികൊട്ട്... തുലാവർഷ രാത്രികൾ സമ്മാനിക്കുന്നത് വല്ലാത്ത അനുഭൂതിയാണ്.
പുറത്ത്, ഇരുട്ടിൽ വന്നു വീഴുന്ന മഴത്തുള്ളികളെ നോക്കിയിരിക്കാം. ഇടയ്ക്ക്
മിന്നൽ വെളിച്ചത്തിൽ തെളിയുന്ന മഴനൂലുകളും തൊടിയിൽ നനഞ്ഞൊട്ടി നിൽക്കുന്ന
മാവും പ്ലാവും. പുറത്തെ മഴയുടെ നിലയ്ക്കാത്ത താളം നിദ്രയുടെ ഏതോ വേളകളിലും
സ്വപ്നങ്ങളിൽ പോലും അലിഞ്ഞു ചേരുന്ന പ്രതീതി. ഉണരുമ്പോൾ വീണ്ടും തെളിഞ്ഞ
കണ്ണുകളുമായി എതിരേൽക്കുന്ന പുലരി. രാത്രി വൈകുവോളം കരഞ്ഞു കലങ്ങിയ കണ്ണുകൾ
തെളിയുന്നത് എപ്പോഴാണാവോ! സുഗതകുമാരി ടീച്ചർ എഴുതിയ പോലെ
"പുലരിയെത്തുമ്പോൾ മുഖം തുടച്ചുള്ള നിൻ ചിരിയും തിടുക്കവും നാട്യവും..."
അങ്ങനെ
എത്രയെത്ര ഭാവങ്ങളാണ് മഴയ്ക്ക്. ചിലപ്പോൾ ഒരു കുട്ടിയെപ്പോലെ
ചിണുങ്ങിച്ചിണുങ്ങി, ചിലപ്പോൾ ഭൂമിയെ പ്രണയാർദ്രമായി തൊടാനെന്ന പോലെയുള്ള
ചാറ്റൽ... മറ്റുചിലപ്പോൾ ആർത്തലച്ചു പെയ്യുന്ന രൗദ്രഭാവം പൂണ്ട പേമാരി.
മുതിർന്നപ്പോഴാണ്
പണ്ടത്തെ മഴ എത്ര മനോഹരമായിരുന്നുവെന്ന് ഗൃഹാതുരത്വത്തോടെ ഓർക്കാൻ
തുടങ്ങിയത്. ഇന്നെന്തോ മഴയുടെ ഭാവങ്ങൾ പലതും മാറിയിരിക്കുന്നു. ടെറസിൽ വീണു
മരിക്കുന്ന മഴയ്ക്കു പഴയ താളമില്ല.മഴയ്ക്കു വേണ്ടി പ്രാർത്ഥിക്കാൻ പാടത്തു
തവളകളുമില്ല. ഒരു മഴ പെയ്തൊഴിയുമ്പോൾ തൊടിയിൽ നിറയുന്ന തുമ്പികളും
പൂമ്പാറ്റകളുമില്ല. പുതുമഴയുടെ നനവിൽ വഴിയരികെ പൂവിടുന്ന മുക്കുറ്റിയും
തുമ്പയുമില്ല. മുളവേലിക്കരികെ ഒരു ചെറുപുഞ്ചിരിയോടെ എതിരേറ്റ
തെച്ചിപ്പൂക്കളില്ല. എന്തിനേറെ, നീളെ നീളെ മഴ നൃത്തമാടിയിരുന്ന വയൽ വരമ്പും
നാട്ടുവഴികൾ പോലും കാലത്തിൻറെ വഴിയിലെവിടെയോ നമുക്ക് നഷ്ടമായിരിക്കുന്നു.
എങ്കിലും ഓരോ മഴയിലും ഇപ്പോഴും പഴയ ഭാവങ്ങൾ തിരയാറുണ്ട്; ഒപ്പം ഓർമ്മകൾ പെയ്യാറുമുണ്ട്...
വീണ്ടും
മഴ പെയ്യുന്നു.
ജന്മാന്തരങ്ങൾ പെയ്തിട്ടും തീരാതെ,
സ്വപ്നങ്ങളും കണ്ണീരും
ആശകളുമായി മഴപെയ്യുന്നു.
ഓർമ്മകളുടെ പാതകൾ വീണ്ടും നനയുന്നു.
അരികിലൊരു ശാഖ വീണ്ടും തളിരിടുന്നു.
അതിലൊരു മഴപ്പക്ഷി പാടുന്നു.
വീണ്ടും മഴ പെയ്യുന്നു...
(2014 ല്‍ ബി.എഡ്. മാഗസിനു വേണ്ടി എഴുതിയത്)
